ഓട്ടവ : രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ പ്രൈമറി ഇൻസ്‌പെക്ഷൻ കിയോസ്കുകൾ വീണ്ടും പണിമുടക്കി. ചില സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) അറിയിച്ചു. ബിസിനസ്സ്, യാത്രാ സംവിധാനങ്ങളെ തടസ്സം ബാധിക്കുന്നുണ്ടെന്ന് ഏജൻസി പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ഫെഡറൽ ഏജൻസി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളെ ബാധിച്ച മറ്റ് നിരവധി തടസ്സങ്ങൾക്ക് സമാനമാണ് ഏറ്റവും പുതിയ തകരാർ. എന്നാൽ, ഏതൊക്കെ വിമാനത്താവളങ്ങളെയാണ് തകരാർ ബാധിച്ചതെന്ന് സിബിഎസ്എ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

1, 3 ടെർമിനലുകളിലെ കിയോസ്കുകളിൽ തടസ്സം അനുഭവപ്പെടുന്നുണ്ടെന്ന് ടൊറൻ്റോ പിയേഴ്സൺ എയർപോർട്ട് അതോറിറ്റി അറിയിച്ചു. കസ്റ്റംസ് പരിശോധനയ്ക്ക് സാധാരണയെക്കാൾ കൂടുതൽ സമയം ആവശ്യമായി വന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ചു മാസങ്ങളായി സിബിഎസ്എ കിയോസ്കുകൾ തകരാറിലാകുന്നത് പതിവായിട്ടുണ്ട്.
