ഷാർലെറ്റ്ടൗൺ : പൊലീസ് സംവിധാനത്തെ കാര്യക്ഷമമാക്കാൻ പുതിയ പൊലീസിങ് സ്റ്റാൻഡേഴ്സ് അവതരിപ്പിച്ച് പ്രിൻസ് എഡ്വേർഡ് ഐലൻഡ്. നിലവിൽ ഓരോ പൊലീസ് വിഭാഗവും സ്വന്തം നയങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ ആർസിഎംപി അടക്കമുള്ള എല്ലാ വിഭാഗങ്ങളും ഒരുപോലെ പാലിക്കേണ്ട പൊതുവായ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. പൊലീസ് പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ഈ മാറ്റം സഹായിക്കും. പ്രവിശ്യയിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നത്.

പുതിയ ചട്ടക്കൂട് അനുസരിച്ച്, ഗാർഹിക പീഡനം തടയുക, അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക, ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, ജനങ്ങളുമായി ആലോചിച്ച് വാർഷിക പ്രവർത്തന പ്ലാനുകൾ തയ്യാറാക്കേണ്ടത് ഇനി നിർബന്ധമാണ്. വരും വർഷങ്ങളിൽ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഈ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 24 മാസത്തിനുള്ളിൽ പ്രവിശ്യയിലെ മുഴുവൻ പൊലീസ് സേവനങ്ങളും പുതിയ ചട്ടങ്ങളിലേക്ക് പൂർണ്ണമായും മാറും.
