ടൊറൻ്റോ : സ്ത്രീകളെയും ജൂത സമൂഹത്തെയും ലക്ഷ്യം വച്ചുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ ചുമത്തി മൂന്ന് ടൊറൻ്റോ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആർസിഎംപി അറിയിച്ചു. പ്രോജക്റ്റ് നെപ്പോളിറ്റൻ എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ വലീദ് ഖാൻ (26), ഉസ്മാൻ അസിസോവ് (18), ഫഹദ് സദാത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ വലീദ് ഖാനെതിരെ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തീവ്രവാദ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആർസിഎംപിയുടെ ഇന്‍റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെൻ്റ് ടീം നടത്തിയ സമാന്തര അന്വേഷണത്തിലാണ് വലീദ് ഖാനെതിരെ തീവ്രവാദ കുറ്റങ്ങൾ ചുമത്തിയത്.

മെയ്, ജൂൺ മാസങ്ങളിൽ നടന്ന രണ്ട് തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങൾ പരാജയപ്പെട്ടതിനും, എആർ-സ്റ്റൈൽ റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതിനും ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ വർഷം ജൂൺ 17 നും ഓഗസ്റ്റ് 17 നും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. മെയ് 31-ന് മൂന്ന് ആയുധധാരികളായവർ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ടൊറൻ്റോ പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകൽ, തോക്കുകൾ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്, ലൈംഗികാതിക്രമത്തിന് ഗൂഢാലോചന നടത്തുക, ബന്ദികളാക്കൽ എന്നിവ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
