റെജൈന : ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കുള്ള പുതിയ അത്യാധുനിക മൊബൈൽ മാമോഗ്രാഫി യൂണിറ്റ് പ്രവർത്തനസജ്ജമാക്കി സസ്കാച്വാൻ. കഴിഞ്ഞ 23 വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന പഴയ ബസിന് പകരമായാണ് ജനുവരി മുതൽ പുതിയ യൂണിറ്റ് നിരത്തിലിറങ്ങുന്നത്. ഇതോടെ, 42 ഗ്രാമീണ-ഉത്തര മേഖലകളിലെ സ്ത്രീകൾക്ക് സ്തനാർബുദ പരിശോധനകൾ ഇനിമുതൽ ഈ ബസിലൂടെ ലഭ്യമാകും. കുറഞ്ഞ അളവിലുള്ള റേഡിയേഷൻ മാത്രം ഉപയോഗിക്കുന്ന ഈ മൊബൈൽ യൂണിറ്റ് നഗരങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾക്ക് തുല്യമായ ഗുണനിലവാരം ഉറപ്പുനൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രവിശ്യയിലെ സ്തനാർബുദ പരിശോധനയുടെ മൂന്നിലൊന്നും നടക്കുന്നത് ഇത്തരം മൊബൈൽ യൂണിറ്റുകൾ വഴിയാണ്. 2026-ഓടെ പതിനാലായിരത്തോളം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് സസ്കാച്വാൻ കാൻസർ ഫൗണ്ടേഷൻ അറിയിച്ചു. സ്തനാർബുദം നേരത്തെ കണ്ടെത്തുന്നത് മികച്ച ചികിത്സയ്ക്കും വേഗത്തിലുള്ള രോഗമുക്തിക്കും സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഡോക്ടറുടെ ശുപാർശയില്ലാതെ തന്നെ നിലവിൽ പരിശോധനകൾ നടത്താം. 2026 അവസാനത്തോടെ ഒരു മൊബൈൽ യൂണിറ്റ് കൂടി പ്രവർത്തനമാരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
