Saturday, December 20, 2025

പെൻഷൻ പ്ലാനിലും പൊലീസ് സേനയിലും മാറ്റങ്ങൾ: നിർദ്ദേശവുമായി ആൽബർട്ട നെക്​സ്റ്റ് പാനൽ

എഡ്മി​ന്റൻ : ആൽബർട്ടയുടെ സ്വയംഭരണാധികാരം വർധിപ്പിക്കാൻ കാനഡ പെൻഷൻ പ്ലാനിൽ (CPP) നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ജനഹിതപരിശോധന നടത്തണമെന്ന ശുപാർശയുമായി പ്രീമിയർ ഡാനിയേൽ സ്മിത്ത് നിയോഗിച്ച ആൽബർട്ട നെക്​സ്റ്റ് പാനൽ. സ്വന്തമായി പെൻഷൻ പദ്ധതി ആവിഷ്കരിക്കുന്നത് പ്രവിശ്യയുടെ സാമ്പത്തിക ഭദ്രതയ്ക്കും സ്വാതന്ത്ര്യത്തിനും അനിവാര്യമാണെന്ന് പാനലി​ന്റെ റിപ്പോർട്ട് വിലയിരുത്തി. കൂടാതെ, 2032-ഓടെ ആർസിഎംപി കരാർ അവസാനിപ്പിച്ച് സ്വന്തം പൊലീസ് സേന രൂപീകരിക്കണമെന്നും, ഇമിഗ്രേഷൻ, നികുതി എന്നിവയിൽ പ്രവിശ്യയ്ക്ക് കൂടുതൽ അധികാരം വേണമെന്നുമുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇത്തരമൊരു വോട്ടെടുപ്പിന് മുൻപായി പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് ജനങ്ങളെ കൃത്യമായി ബോധവൽക്കരിക്കണമെന്നും, പുതിയ പദ്ധതിയിലെ ആനുകൂല്യങ്ങൾ ഫെഡറൽ സംവിധാനത്തിന് തുല്യമോ അതിനേക്കാൾ മികച്ചതോ ആയിരിക്കണമെന്നും റിപ്പോർട്ട് നിഷ്കർഷിക്കുന്നു.

അതേസമയം, ഈ റിപ്പോർട്ട് വെറും പ്രഹസനമാണെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി കുറ്റപ്പെടുത്തി. ജനങ്ങൾ ആവശ്യപ്പെടാത്ത കാര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ഡോളർ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും, പെൻഷൻ ഫണ്ട് സ്വന്തം നിയന്ത്രണത്തിലാക്കി ഇഷ്ടമുള്ളിടത്ത് നിക്ഷേപിക്കാനാണ് സ്മിത്തിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കാനഡ പെൻഷൻ പ്ലാനിൽ നിന്ന് പിന്മാറുന്നത് സാമ്പത്തികമായ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന ആശങ്ക ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഈ വിഷയത്തിൽ വ്യക്തമായ ഒരു ധാരണയിലെത്തിയ ശേഷം മാത്രമേ ഹിതപരിശോധനയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!