ഓട്ടവ : കനേഡിയൻ എംപിമാരുടെ സംഘത്തിന് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. കാനഡയിലെ ഇസ്രയേൽ അംബാസഡർ ഇദ്ദോ മോയിദിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് പ്രതിനിധിസംഘത്തിലുണ്ടായിരുന്ന എം.പിമാരായ ജെന്നി ക്വാൻ, ഗുർബക്സ് സൈനി എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഭാവിയിൽ കാനഡയിലെ ജനപ്രതിനിധികൾക്കോ പൗരന്മാർക്കോ ഇസ്രയേൽ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്തരത്തിലുള്ള ഭീഷണികളോ ശാരീരികമായ അതിക്രമങ്ങളോ നേരിടേണ്ടി വരില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും എം.പിമാർ നിർദ്ദേശിച്ചിരുന്നു. എൻഡിപി എംപി ജെന്നി ക്വാനൊപ്പം അഞ്ച് ലിബറൽ എംപിമാരായ സമീർ സുബേരി, ഫാരെസ് അൽ സൗദ്, അസ്ലം റാണ, ഇഖ്‌റ ഖാലിദ്, ഗുർബക്സ് സൈനി എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.

ചാരിറ്റബിൾ സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെടുന്ന ഏകദേശം 30 കനേഡിയൻ പൗരന്മാരുടെ സംഘത്തിൽ ആറ് എംപിമാർ ഉണ്ടായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്കിടെ ഒൻ്റാരിയോയിൽ നിന്നുള്ള ലിബറൽ എം.പി ഇഖ്‌റ ഖാലിദിനോട് ഇസ്രയേൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി റിപ്പോർട്ടുകളുണ്ട്. ‘ദി കനേഡിയൻ മുസ്ലിം വോട്ട്’ എന്ന സംഘടന സംഘടിപ്പിച്ച യാത്ര, ജോർദാൻ അതിർത്തിയിലാണ് ഇസ്രയേൽ തടഞ്ഞത്. ഈ സംഘടനയ്ക്ക് ഭീകരവാദ ബന്ധമുള്ള ‘ഇസ്‌ലാമിക് റിലീഫ് വേൾഡ് വൈഡ്’ എന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് ഇസ്രയേൽ എംബസിയുടെ വിശദീകരണം.
