വൻകൂവർ: വൻകൂവർ നഗരത്തിലെ പാർക്കിങ് മെഷീനുകളിൽ വ്യാജ ക്യു.ആർ (QR) കോഡ് സ്റ്റിക്കർ പതിപ്പിക്കുന്ന പുതിയ തട്ടിപ്പിനെതിരെ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഈ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ ‘PayByPhone’ എന്ന ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള വ്യാജ സൈറ്റിലേക്കാണ് ലിങ്ക് പോകുന്നത്.പാർക്കിങ് പേയ്‌മെൻ്റുകൾക്കായി തങ്ങൾ ക്യു.ആർ കോഡുകൾ ഉപയോഗിക്കുന്നില്ലെന്ന് സിറ്റി വ്യക്തമാക്കി.

ഡ്രൈവർമാർ ഔദ്യോഗികമായ ‘PayByPhone’ ആപ്പ് വഴിയോ, മെഷീനുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ നാണയങ്ങൾ (Coins) ഉപയോഗിച്ചോ മാത്രമേ പണമടയ്ക്കാവൂ എന്ന് അധികൃതർ അറിയിച്ചു.പാർക്കിങ് മെഷീനുകളിൽ ഇത്തരം കൃത്രിമങ്ങൾ നടക്കുന്നത് തടയാൻ കാമറകളോ അലാറങ്ങളോ സ്ഥാപിക്കണമെന്ന് നിവാസികളും സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. പാർക്കിങ് മെഷീനുകളിൽ ഇത്തരത്തിലുള്ള ക്യു.ആർ കോഡ് സ്റ്റിക്കറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ‘311’ എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ സിറ്റി ആവശ്യപ്പെട്ടു. ഏതെല്ലാം പ്രദേശങ്ങളിലാണ് ഈ തട്ടിപ്പ് കൂടുതലായി നടക്കുന്നത് എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പണമടയ്ക്കുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കണമെന്നും പാർക്കിങ് മെഷീനുകളിലെ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
