Saturday, December 20, 2025

മാനിറ്റോബയിൽ അഞ്ചാംപനി വ്യാപിക്കുന്നു; ജാഗ്രതാ നിർദ്ദേശം

വിനിപെ​ഗ് : മാനിറ്റോബയിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പുതുതായി 12 സ്ഥിരീകരിച്ച കേസുകളും രണ്ട് സംശയാസ്പദമായ കേസുകളും കൂടി റിപ്പോർട്ട് ചെയ്തതോടെ, കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രവിശ്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. കാനഡയിലാകെ ഈ വർഷം ഇതുവരെ 5,329 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്റ്റെയിൻബാക്കിലെ ബെഥെസ്ഡ റീജിനൽ ഹെൽത്ത് സെന്ററിൽ ഡിസംബർ 14-ന് എത്തിയവർക്ക് രോഗബാധയുണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വായുവിലൂടെ അതിവേഗം പകരുന്ന രോഗമായതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.

പനി, മൂക്കൊലിപ്പ്, കണ്ണുകൾ ചുവക്കുക, വായയ്ക്കുള്ളിൽ വെളുത്ത പാടുകൾ എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ. ദിവസങ്ങൾക്കുശേഷം ശരീരത്തിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും. മുതിർന്നവരേക്കാൾ കൊച്ചുകുട്ടികളിൽ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡിന് സമാനമായി വായുവിലൂടെ പകരുന്ന വൈറസ് രണ്ട് മണിക്കൂർ വരെ അന്തരീക്ഷത്തിൽ നിലനിൽക്കാൻ സാധ്യതയുണ്ട്. നിലവിൽ രണ്ട് ഡോസ് വാക്സിനേഷൻ മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!