ഓട്ടവ: കാനഡയിലെ സർക്കാർ ഓഫീസുകളിൽ കീടശല്യം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 93 സർക്കാർ കെട്ടിടങ്ങളിലായി 500-ലധികം തവണ കീടങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. എലികൾ, വവ്വാലുകൾ, ഉറുമ്പുകൾ, മൂട്ടകൾ എന്നിവയെയാണ് പ്രധാനമായും കണ്ടെത്തിയത്.
ബാക്ക്-ടു-ഓഫീസ് നയ പ്രകാരം നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ വരണമെന്നാണ് ജീവനക്കാർക്കുള്ള നിർദ്ദേശം. ഇത് ഘട്ടംഘട്ടമായി വർധിപ്പിച്ച് 2027 ജനുവരിയോടെ എല്ലാവരെയും ഓഫീസുകളിലേക്ക് തിരികെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണി ഉടൻ തന്നെ ഇതിനായുള്ള പുതിയ നയം പ്രഖ്യാപിക്കാനിരിക്കെ, ജീവനക്കാർ ഈ നീക്കത്തെ ശക്തമായി എതിർത്തു.

ഓഫീസുകളിലെ വൃത്തിഹീനമായ സാഹചര്യവും മൂട്ട ശല്യം പോലുള്ള പ്രശ്നങ്ങളും തങ്ങൾക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി ജീവനക്കാർ പരാതിപ്പെട്ടു. യാത്രാച്ചെലവും പാർക്കിങ് ഫീസും വർധിക്കുന്നതിനൊപ്പം ഇത്തരം മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഓഫീസുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
