കെബെക്ക് സിറ്റി : പ്രവിശ്യയെ ബാധിച്ചുകൊണ്ടിരിക്കുന്ന അതിശക്തമായ കാറ്റ് കാരണം ശനിയാഴ്ച രാവിലെ കെബെക്കിൽ അമ്പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി നിലച്ചു. രാവിലെ 11:15 വരെ മൊത്തം 65,502 ഹൈഡ്രോ-കെബെക്ക് ഉപയോക്താക്കളാണ് വൈദ്യുത തടസ്സം നേരിടുന്നത്. എസ്ട്രി, ചൗഡിയർ-അപ്പാലാച്ചസ് മേഖലകളിലാണ് ഏറ്റവും കൂടുതൽ തടസ്സം ബാധിച്ചിരിക്കുന്നത്. യഥാക്രമം 12,555 ഉം 10,898 ഉപയോക്താക്കൾക്ക് വൈദ്യുതി നിലച്ചു. പിന്നാലെ മോണ്ടെറെജി മേഖലയിൽ 9,888 ഹൈഡ്രോ-കെബെക്ക് ഉപയോക്താക്കളും ഇരുട്ടിലാണ്. അതേസമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് അല്ലെങ്കിൽ വൈകുന്നേരം വരെ ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ പ്രവിശ്യയിലുടനീളം വീശാൻ തുടങ്ങിയ ശക്തമായ കാറ്റാണ് ഈ തടസ്സങ്ങൾക്ക് കാരണമെന്ന് ഹൈഡ്രോ-കെബെക്ക് വക്താവ് പാസ്കൽ പോയിൻലെയ്ൻ വിശദീകരിച്ചു. ശനിയാഴ്ചയും തുടരുകയാണ് ശക്തമായ കാറ്റ്. വെള്ളിയാഴ്ച, എസ്ട്രി, മോണ്ടെറെഗി മേഖലകളിൽ 85,000 ഉപയോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ പകുതിയോളം പേർക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായി പാസ്കൽ പോയിൻലെയ്ൻ അറിയിച്ചു. എന്നാൽ, രാത്രിയിൽ വീണ്ടും ശക്തമായ കാറ്റ് വീശി, ഇത് കൂടുതൽ തടസ്സങ്ങൾക്ക് കാരണമായി. ശനിയാഴ്ച രാവിലെ മുതൽ 400 ഹൈഡ്രോ-കെബെക്ക് ജീവനക്കാർ തടസ്സങ്ങൾ നീക്കാൻ പ്രവർത്തിക്കുന്നുണ്ട്.
