മിസ്സിസാഗ: സ്കാർബ്റോ സെൻ്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോന ദേവാലയത്തെ രൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിസംബർ 19-ന് സ്കാർബ്റോയിലെ സെൻ്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ മിസ്സിസാഗ സീറോ മലബാർ കത്തോലിക്ക രൂപത മെത്രാൻ മാർ ജോസ് കല്ലുവേലിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഇറ്റലിയിലെ ഓർത്തോണ കത്തീഡ്രലിൽ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് (ഫസ്റ്റ്-ക്ലാസ് തിരുശേഷിപ്പ്) സെപ്റ്റംബറിൽ മേജർ ആർച്ച്ബിഷപ്പ് മാർ റഫയൽ തട്ടിൽ ഫൊറോന ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്നു. വിശുദ്ധ തോമശ്ലീഹായുടെ സാന്നിധ്യമുള്ള ഈ ദേവാലയം കാനഡയിലെ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള പ്രധാന കേന്ദ്രമായി മാറും.

1980-കളിൽ സ്ഥാപിതമായ ഈ ദേവാലയം കാനഡയിലെ ആദ്യകാല സീറോ മലബാർ സമൂഹങ്ങളിൽ ഒന്നാണ്. തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടതോടെ ഇനി മുതൽ അനുദിന വിശുദ്ധ കുർബ്ബാന, ആരാധന, ജപമാല പ്രദക്ഷിണം, യാമപ്രാർത്ഥനകൾ, വിശുദ്ധ തോമശ്ലീഹായോടുള്ള നൊവേന, ധ്യാനങ്ങൾ, മതബോധന ക്ലാസുകൾ , നേതൃപരിശീലനങ്ങൾ, സാമൂഹ്യ – സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.
സീറോ മലബാർ സഭയുടെ പൈതൃകവും വിശ്വാസവും കാനഡയിൽ വളർത്തുന്നതിൽ ഈ പ്രഖ്യാപനം ഒരു നാഴികക്കല്ലായിരിക്കുമെന്ന് മാർ ജോസ് കല്ലുവേലിൽ പറഞ്ഞു. വികാരി ജനറൽ ഫാ. പത്രോസ് ചമ്പക്കര, ഫൊറോന വികാരി ഫാ. ബൈജു ചാക്കേരി, സഹവികാരി ഫാ. സുനിൽ ചെറുശ്ശേരിൽ തുടങ്ങി നിരവധി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
