ഓട്ടവ: കാനഡയിലെ വാടകക്കാരിൽ മൂന്നിലൊന്ന് പേരും വരുമാനത്തിന്റെ പകുതിയിലധികം തുക വാടക നൽകാനായി ചെലവാക്കുന്നുവെന്ന് പുതിയ സർവേ. Rentals.ca നടത്തിയ പഠനമനുസരിച്ച്, രാജ്യത്ത് വാടക നിരക്കുകളിൽ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് ഇത് ഇപ്പോഴും താങ്ങാനാവുന്നില്ല. സർവേയിൽ പങ്കെടുത്ത 12% പേർ വരുമാനത്തിന്റെ 70% വാടകയ്ക്കായി മാറ്റിവെക്കുന്നുണ്ട്. പ്രത്യേകിച്ച് 25-നും 34-നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
പുതിയൊരു വീട് നോക്കുന്ന 70% ആളുകൾക്കും പ്രതിമാസം 2,000 ഡോളറിൽ താഴെ മാത്രമാണ് ബജറ്റ്. എന്നാൽ വിപണിയിലെ ഉയർന്ന നിരക്കുകൾ കാരണം അവർക്ക് വലിയൊരു തുക ഇതിനായി നീക്കിവെക്കേണ്ടി വരുന്നു. ഓൺലൈനിൽ വീട് തിരയുന്നവർക്ക് തട്ടിപ്പുകളെക്കാൾ വലിയ പേടി ഉയർന്ന വാടക നിരക്കുകളെക്കുറിച്ചാണെന്ന് സർവേ ചൂണ്ടിക്കാട്ടി.

കാനഡയിലെ ശരാശരി വാടക ഇപ്പോൾ 2,074 ഡോളറാണ്. ഒന്റാരിയോ, ബിസി, ആൽബർട്ട തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടകയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. എങ്കിലും മൂന്ന് വർഷം മുമ്പത്തെക്കാൾ 3.4% ഉയർന്ന നിരക്കാണിത്. വാടക കുറയുന്നു എന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, സാധാരണക്കാരുടെ ജീവിതത്തെ ഇത് കാര്യമായി സഹായിക്കുന്നില്ല എന്ന് സർവേ വ്യക്തമാക്കി.
