ഓട്ടവ : കാനഡയിൽ കുടിയേറ്റ നയങ്ങളിൽ ഭിന്നത രൂക്ഷമാകുന്നു. വർധിച്ചുവരുന്ന ജീവിതച്ചെലവും പാർപ്പിട സൗകര്യങ്ങളുടെ കുറവും കുടിയേറ്റ വിരുദ്ധ വികാരത്തിന് ആക്കം കൂട്ടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ രാജ്യത്ത് വംശീയമായ വിദ്വേഷ കുറ്റകൃത്യങ്ങൾ ആശങ്കാജനകമാംവിധം വർധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
IRCC 2024 നവംബറിൽ നടത്തിയ സർവേ പ്രകാരം 54 ശതമാനം ആളുകളും കുടിയേറ്റക്കാരുടെ എണ്ണം പരിധി ലംഘിച്ചതായി കരുതുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം കാനഡയിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഈ മനോഭാവ മാറ്റത്തിന് പ്രധാന കാരണം. കുടിയേറ്റ സംവിധാനത്തെ സുസ്ഥിരമായ രീതിയിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഇമിഗ്രേഷൻ മന്ത്രി ലീന ഡിയാബ് വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുടിയേറ്റക്കാരുടെ എണ്ണത്തിൽ സർക്കാർ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. 2024-ൽ 4,85,000 ആയിരുന്ന സ്ഥിരതാമസ (Permanent Resident) ലക്ഷ്യം 2026-ഓടെ 3,80,000 ആയി കുറയ്ക്കാനാണ് പുതിയ തീരുമാനം. അതുപോലെ, താൽക്കാലിക താമസക്കാരുടെ എണ്ണവും 2025-ലെ 6,74,000-ൽ നിന്ന് അടുത്ത വർഷം 3,85,000 ആയി കുറയ്ക്കും. കുടിയേറ്റം പാർപ്പിട വിപണിയെയും പൊതുസേവനങ്ങളെയും ബാധിക്കുന്നുവെന്ന രാഷ്ട്രീയ വിമർശനങ്ങൾക്കിടെയാണ് ഈ നടപടി.
കുടിയേറ്റ നയങ്ങളോടുള്ള എതിർപ്പ് പലപ്പോഴും വംശീയ വിദ്വേഷമായി മാറുന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പറയുന്നത്. 2019-നും 2023-നും ഇടയിൽ ദക്ഷിണേഷ്യൻ വംശജർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 227 ശതമാനം വർധനവുണ്ടായി. 2023-ൽ മാത്രം 265 വംശീയ അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും നേരിട്ടും തങ്ങൾ വംശീയ അധിക്ഷേപങ്ങൾ നേരിടുന്നുണ്ടെന്ന് മക്ഗിൽ സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കാനഡയിൽ സ്ഥിരതാമസമാക്കുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരന്മാരാണ്. 2024-ൽ മാത്രം 1.27 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സ്ഥിരതാമസ അനുമതി നേടിയത്. 2015-ൽ ഇത് കേവലം 39,000 മാത്രമായിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും വർധിക്കുമ്പോൾ കുടിയേറ്റക്കാരെ ഇതിന് ഉത്തരവാദികളായി ചിത്രീകരിക്കുന്ന പ്രവണത വർധിക്കുന്നതായും വിദഗ്ധർ വിലയിരുത്തുന്നു.
ഏതുതരത്തിലുള്ള വിദ്വേഷവും അംഗീകരിക്കാനാവില്ലെന്നും കുടിയേറ്റക്കാരല്ല രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും സർക്കാർ വ്യക്തമാക്കി. ശക്തമായ നിയമനിർമ്മാണത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും വിദ്വേഷ കുറ്റകൃത്യങ്ങളെ നേരിടുമെന്ന് മന്ത്രി ലീന ഡിയാബ് പറഞ്ഞു. എന്നാൽ കുടിയേറ്റ നയത്തിലെ പാളിച്ചകളാണ് നിലവിലെ സാമൂഹിക അസ്വസ്ഥതകൾക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
