ഹാലിഫാക്സ് : ശൈത്യകാലം കഠിനമായതോടെ കെയ്പ് ബ്രെറ്റണിലെ ചാരിറ്റി സ്ഥാപനങ്ങളിൽ വസ്ത്രങ്ങൾക്കായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. നിലവിൽ ആവശ്യത്തിന് വസ്ത്രങ്ങൾ സംഭാവനയായി ലഭിക്കാത്തത് പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണെന്ന് ഗ്ലേ ബേയിലെ സംഘടനയായ അണ്ടർകറന്റ് യൂത്ത് സെന്റർ പറയുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകൾ, സ്വെറ്ററുകൾ, കൈയുറകൾ എന്നിവയ്ക്കാണ് വലിയ ഡിമാൻഡ് ഉള്ളത്. മഞ്ഞുവീഴ്ച നേരത്തെ തുടങ്ങിയതാണ് ഇത്തവണത്തെ തിരക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സിഡ്‌നിയിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ചർച്ചിലും നിലവിൽ വസ്ത്രശേഖരം കുറവാണെന്ന് ഭാരവാഹികൾ അറിയിച്ചു. വസ്ത്രങ്ങൾ തേടി എത്തുന്നവരോട് ഇല്ല എന്ന് പറയേണ്ടി വരുന്നത് സങ്കടകരമാണെന്നും, കൈയുറകളും തൊപ്പികളും പോലുള്ള അത്യാവശ്യ സാധനങ്ങൾ എപ്പോഴും കുറവാണെന്നും സന്നദ്ധ പ്രവർത്തകർ പറയുന്നു. അർഹരായവർക്ക് തണുപ്പിനെ അതിജീവിക്കാൻ പുതിയതോ ഉപയോഗിച്ചതോ ആയ മികച്ച വസ്ത്രങ്ങൾ നൽകി സഹായിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് സന്നദ്ധ സംഘടനകൾ അഭ്യർത്ഥിച്ചു.
