ഓട്ടവ: കാനഡയിൽ പുതുവർഷം ആരംഭിക്കുന്നതോടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ഫെഡറൽ ഗവൺമെന്റ്. ഇമിഗ്രേഷൻ, പരിസ്ഥിതി, തൊഴിൽ വകുപ്പുകൾ ജീവനക്കാർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഭരണച്ചെലവ് 600 കോടി ഡോളർ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ ഈ നടപടി. ജനുവരി പകുതിയോടെ ആർക്കൊക്കെ ജോലി നഷ്ടപ്പെടുമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന് ഫെഡറൽ വകുപ്പ് വ്യക്തമാക്കി.
ഏകദേശം 40,000 തസ്തികകൾ കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിനകം തന്നെ 10,000 തൊഴിലുകൾ വെട്ടിക്കുറച്ചു. യുവാക്കളായ ജീവനക്കാരെ ഒഴിവാക്കുന്നത് കുറയ്ക്കാൻ മുതിർന്ന ജീവനക്കാർക്കായി നേരത്തെയുള്ള വിരമിക്കൽ (Early Retirement) പദ്ധതിയും സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. ഭരണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിലും 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാകുമെന്ന് ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ജീവനക്കാരുടെ യൂണിയനുകൾ രംഗത്തെത്തി. ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് പാസ്‌പോർട്ട്, ടാക്സ് റിട്ടേൺ, ഇൻഷുറൻസ് തുടങ്ങിയ സർക്കാർ സേവനങ്ങളെ മന്ദഗതിയിലാക്കുമെന്നും ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകി. എന്നാൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമാണ് ഈ മാറ്റങ്ങളെന്നാണ് ഗവൺമെന്റ് നിലപാട്.
