ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 19 പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ച് ഇസ്രയേൽ. ഇതോടെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ മാത്രം ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ പുതുതായി പണിത കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം 69 ആയി ഉയർന്നു. സ്വതന്ത്ര പലസ്തീൻ രാജ്യം എന്ന സ്വപ്നത്തിന് വലിയ തിരിച്ചടിയാണ് ഇസ്രയേലിന്റെ ഈ പുതിയ നിർമ്മാണ പദ്ധതിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായാണ് ഈ കുടിയേറ്റ കേന്ദ്രങ്ങളെ ലോകരാജ്യങ്ങൾ കാണുന്നത്. നിലവിലെ ഇസ്രയേൽ ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗാസയിൽ വെടിനിർത്തലിനും സമാധാനത്തിനുമായി അമേരിക്ക ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇസ്രയേലിന്റെ ഈ നീക്കം.

കുടിയേറ്റ വ്യാപനത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിയിൽ 16 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. അതേസമയം, യുദ്ധത്തിൽ തകർന്ന ഗാസയിലെ കത്തോലിക്കാ പള്ളിയിൽ കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല സന്ദർശനം നടത്തിയിരുന്നു.
