മൺട്രിയോൾ: കെബെക്കിലെ സർക്കാർ ആശുപത്രികളിലും കെയർ ഹോമുകളിലും ജോലി ചെയ്യുന്ന ഫാർമസിസ്റ്റ് സംഘടന A.P.E.S പ്രവിശ്യാ സർക്കാരുമായി പുതിയ തൊഴിൽ കരാറിൽ ഒപ്പുവെച്ചു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഫാർമസിസ്റ്റുകളുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. വരും ആഴ്ചകളിൽ നടക്കാൻ പോകുന്ന പൊതുയോഗത്തിൽ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി കരാർ ഔദ്യോഗികമായി അംഗീകരിക്കും.
സർക്കാരുമായുള്ള പഴയ കരാർ കാലാവധി മൂന്ന് വർഷം മുമ്പേ അവസാനിച്ചിരുന്നു. എന്നാൽ പുതിയ കരാർ വൈകുന്നതിൽ പ്രതിഷേധിച്ച് ഈ മാസം ആദ്യം 99% ഫാർമസിസ്റ്റുകളും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ജോലിഭാരം കുറയ്ക്കുക, ശമ്പള വർധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ആശുപത്രികളിലെ ഫാർമസിസ്റ്റുകളുടെ കുറവ് പരിഹരിക്കാനും മികച്ച സേവനം ഉറപ്പാക്കാനും ഈ പുതിയ കരാർ സഹായിക്കുമെന്ന് A.P.E.S പ്രത്യാശ പ്രകടിപ്പിച്ചു. സ്വകാര്യ മേഖലയിലേക്ക് ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോകാതിരിക്കാൻ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ അനിവാര്യമാണെന്ന് യൂണിയൻ വ്യക്തമാക്കി. കരാർ അന്തിമമാകുന്നതോടെ കെബെക്കിലെ ആരോഗ്യ സേവന രംഗത്തെ പ്രധാന തടസ്സങ്ങൾ നീങ്ങുമെന്ന് യൂണിയൻ കൂട്ടിച്ചേർത്തു.
