വൻകൂവർ : കാനഡയിൽ താൽക്കാലിക വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ബ്രിട്ടിഷ് കൊളംബിയയിലെ ചെറുകിട നഗരങ്ങളെ സാരമായി ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ. രാജ്യത്തെ ജനസംഖ്യാ വർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും എണ്ണം കുറയ്ക്കാനുള്ള സർക്കാർ നീക്കം നോർത്തേൺ ബിസി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രിൻസ് റൂപർട്ട് പോലുള്ള നഗരങ്ങളിൽ പ്രാദേശികമായി തൊഴിലാളികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, നിലവിലുള്ള വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയാത്തത് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് നയിക്കുന്നതായാണ് റിപ്പോർട്ട്.

ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മാനേജർമാരും സെർവർമാരും ഉൾപ്പെടെയുള്ളവർക്ക് രാജ്യം വിടേണ്ടി വരുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് കമ്മ്യൂണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പലർക്കും സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ നിരസിക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നതിനാൽ തൊഴിലാളികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുത്തിയ കുറവ് കാരണം ചില കോളേജ് ക്യാമ്പസുകൾ പോലും അടച്ചുപൂട്ടേണ്ടി വന്നു. വിദൂര നഗരങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിക്കാതെ നടപ്പിലാക്കുന്ന ഇത്തരം നിയമങ്ങൾ നോർത്തേൺ മേഖലയിലെ വികസനത്തെ പിന്നോട്ടടിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.
