ഓട്ടവ: കാനഡയിലെ കടകളിലും മാളുകളിലും വ്യാജ നോട്ടുകളുടെ വിതരണം വലിയ തോതിൽ വർധിക്കുന്നതായി റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ. കഴിഞ്ഞ നവംബർ മുതൽ 20, 50, 100 ഡോളറിന്റെ വ്യാജ നോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം മുഴുവൻ കണ്ടെത്തിയതിനേക്കാൾ കൂടുതൽ വ്യാജ നോട്ടുകൾ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വിപണിയിൽ എത്തിയതായാണ് കണക്കുകൾ.
അതിനൂതനമായ രീതിയിലാണ് വ്യാജ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. നോട്ടുകളിലെ സുരക്ഷാ ചിഹ്നങ്ങളും ഹോളോഗ്രാമുകളും യഥാർത്ഥ നോട്ടുകളോട് അങ്ങേയറ്റം സാമ്യമുള്ളതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. ക്രിസ്മസ് തിരക്ക് മുതലെടുത്താണ് സംഘടിത കുറ്റവാളി സംഘങ്ങൾ ഈ നോട്ടുകൾ വിപണിയിൽ എത്തിക്കുന്നത്.

വ്യാജ നോട്ടുകളുടെ വ്യാപനം തടയാൻ വ്യാപാരികളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ പൊലീസ് സേനയ്ക്ക് കൂടുതൽ അധികാരങ്ങളും സൗകര്യങ്ങളും നൽകണമെന്ന് റീട്ടെയിൽ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വ്യാപാര മേഖലയിൽ തട്ടിപ്പുകൾ വഴി വർഷം തോറും ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്.
