വാഷിങ്ടന്‍: യുകെയ്ക്കു പിന്നാലെ യുഎസിലും കാനഡയിലും പടര്‍ന്നുപിടിച്ച് സൂപ്പര്‍ ഫ്ലൂ. ഇന്‍ഫ്ലുവന്‍സ എ (H3N2) വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വിഭാഗമാണ് രോഗബാധയ്ക്ക് പിന്നില്‍. ക്രിസ്മസ് ആഘോഷത്തിലേക്ക് ലോകം കടക്കവെയാണ് സൂപ്പര്‍ ഫ്ലൂ ഭീതി പടരുന്നത്.
സാധാരണ അനുഭവപ്പെടാറുള്ള പനിയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പെട്ടെന്നുള്ള ഉയര്‍ന്ന പനി, ക്ഷീണം, തലവേദന, മറ്റ് വേദനകള്‍, വരണ്ട ചുമ, നെഞ്ചുവേദന, തൊണ്ടവേദന, ഉറങ്ങാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, വയറുവേദന, ഛര്‍ദില്‍, മൂക്കൊലിപ്പ്, നിരന്തരമായ തുമ്മല്‍ എന്നിവയാണ് സൂപ്പര്‍ ഫ്ലൂവിന്റെ ലക്ഷണങ്ങള്‍. മറ്റ് വൈറസുകളെ അപേക്ഷിച്ച് സൂപ്പര്‍ ഫ്ലൂ മനുഷ്യരില്‍ വേഗത്തില്‍ ബാധിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്‍ഫ്ലുവന്‍സ എ (H3N2) വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പതിപ്പിന്റെ ‘സബ്ക്ലേഡ് കെ’ വിഭാഗമാണ് രോഗബാധയ്ക്കു പിന്നില്‍. ഈ വര്‍ഷം ആദ്യമാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈകാതെ യുകെ, യുഎസ്, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് രോഗം അതിവേഗം പടര്‍ന്നു. നിരന്തരം ജനിതകമാറ്റം സംഭവിക്കുന്ന ഇത്തരം ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ക്ക് മനുഷ്യനിലെ രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇത് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ (പ്രത്യേകിച്ച് രണ്ട് വയസ്സിന് താഴെയുള്ളവര്‍), പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. കൂടാതെ ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരും അതീവ ജാഗ്രത പാലിക്കണം.
