എഡ്മിന്റൻ: നഗരത്തിന് സമീപമുള്ള ഡേയ്‌സ്‌ലാൻഡിൽ Telus കമ്പനിയുടെ മൊബൈൽ ടവർ അക്രമികൾ മനപ്പൂർവ്വം തകർത്തതായി റിപ്പോർട്ട്. ടവറിനെ താങ്ങിനിർത്തിയിരുന്ന ഗൈഡ് വയറുകൾ അറുത്തുമാറ്റിയതാണ് തകർച്ചയ്ക്ക് കാരണം. ഏകദേശം 8 ലക്ഷം ഡോളറിലധികം നാശനഷ്ടം കണക്കാക്കുന്ന ഈ ടവർ പൂർണ്ണമായും നശിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു.
സംഭവത്തിൽ പ്രദേശത്തെ Telus ഉപഭോക്താക്കൾക്ക് മൊബൈൽ റേഞ്ച് നഷ്ടപ്പെട്ടു. എന്നാൽ ഇന്റർനെറ്റ്, ടിവി സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ല. അടിയന്തര സാഹചര്യങ്ങൾക്കായി മറ്റ് കമ്പനികളുടെ നെറ്റ്‌വർക്ക് വഴി 911 സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 23-ഓടെ ഒരു താൽക്കാലിക മൊബൈൽ ടവർ സ്ഥാപിച്ച് സേവനങ്ങൾ സാധാരണ നിലയിലാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

വിലപിടിപ്പുള്ള ലോഹങ്ങൾ മോഷ്ടിക്കാനാണോ അതോ മനപ്പൂർവ്വം നാശനഷ്ടം വരുത്താനാണോ എന്ന അന്വേഷണത്തിലാണ് പൊലീസ് . ആൽബർട്ടയിൽ ഇത്തരം അക്രമങ്ങൾ വർധിച്ചുവരുന്നതായും, ഇത് ജീവനക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഇതുവരെ പ്രതികളെ ആരെയും കണ്ടെത്താനായിട്ടില്ല.
