ഓട്ടവ : രാജ്യത്തെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് സംവിധാനമായ ‘അലർട്ട് റെഡി’ കൂടുതൽ കാര്യക്ഷമമാക്കാൻ പദ്ധതിയിട്ട് ഫെഡറൽ സർക്കാർ. വിദൂര ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും ഹൈവേകളിലും പലപ്പോഴും മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഇത്തരം മുന്നറിയിപ്പുകൾ എത്തുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ഈ നവീകരണം. ഇതിനായി 5.54 കോടി ഡോളറിന്റെ ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ചു. 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും മാത്രം ലഭ്യമായ മുന്നറിയിപ്പുകൾ പ്രാദേശിക ഗോത്രവർഗ്ഗ ഭാഷകളിലും ലഭ്യമാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

മൊബൈൽ ടവറുകൾ ഇല്ലാത്തയിടങ്ങളിൽ ഇന്റർനെറ്റ് വഴിയോ എഫ്എം റേഡിയോ വഴിയോ മുന്നറിയിപ്പുകൾ എത്തിക്കുന്നതിനെക്കുറിച്ച് സിആർടിസി പരിശോധിച്ചു വരികയാണ്. 2023-ലെ കാട്ടുതീ സമയത്ത് ചില ഗോത്രവർഗ്ഗ മേഖലകളിൽ മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി എല്ലാ കമ്മ്യൂണിറ്റികൾക്കും മനസ്സിലാകുന്ന ഭാഷയിൽ കൃത്യസമയത്ത് സുരക്ഷാ വിവരങ്ങൾ നൽകുന്ന സഹകരണ ഭരണ സംവിധാനം (Co-governance) രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ദേശീയ മൊബൈൽ ആപ്പ് പുറത്തിറക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്.
