വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ വൺബിസി (OneBC) പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഡാലസ് ബ്രോഡി വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ പത്ത് ദിവസമായി തുടർന്ന തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് വീണ്ടും പാർട്ടി ലീഡറായി ചുമതലയേറ്റതെന്ന് ബ്രോഡി അറിയിച്ചു. പാർട്ടി ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
പാർട്ടിയിലെ ഒരു ജീവനക്കാരനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ബ്രോഡിയുടെ സ്ഥാന നഷ്ടത്തിന് കാരണമായത്. ജൂത വിരുദ്ധ നിലപാടുള്ള ആ ജീവനക്കാരനെ മാറ്റണമെന്ന് ബ്രോഡി ആവശ്യപ്പെട്ടതാണ് പാർട്ടിയിലെ തർക്കങ്ങൾക്ക് കാരണം. ഇതേത്തുടർന്ന് മറ്റൊരു പാർട്ടി അംഗമായ താര ആംസ്ട്രോങ്ങ് ബ്രോഡിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു.

ബിസി കൺസർവേറ്റീവ് പാർട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്നാണ് ബ്രോഡിയും ആംസ്ട്രോങ്ങും ചേർന്ന് ഈ വർഷം ‘വൺ ബിസി’ പാർട്ടി രൂപീകരിച്ചത്. മുൻ അഭിഭാഷക കൂടിയായ ബ്രോഡി നേതൃത്വത്തിലേക്ക് തിരിച്ചെത്തിയതോടെ പാർട്ടി വീണ്ടും സജീവമായ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
