ഓട്ടവ: ജോലിസ്ഥലത്തെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമം ശക്തമാക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് അഗ്നിശമന സേനാംഗങ്ങൾ. കാനഡയിലെ 117-ലധികം അഗ്നിശമന വകുപ്പുകളിൽ നടത്തിയ സർവേയിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 40 ശതമാനം അഗ്നിശമന സേനാംഗങ്ങളും ആക്രമണം നേരിട്ടതായി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേഴ്‌സിന്റെ (ഐഎഎഫ്എഫ്) പ്രസിഡന്റ് എഡ്വേർഡ് കെല്ലി പറഞ്ഞു. ടൊറന്റോയിൽ അഗ്നിശമന സേനാംഗത്തെ രോഗി കടിച്ചതു മുതൽ ഈ വർഷം മാത്രം വിനിപെഗിൽ 60 ഓളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കെല്ലി വ്യക്തമാക്കി.

ആക്രമണത്തിന്റെ സ്വഭാവം വാക്കാലുള്ള ദുരുപയോഗം മുതൽ ജീവന് ഭീഷണിയായ ശാരീരിക ഏറ്റുമുട്ടലുകൾ വരെ ഉണ്ടാകുന്നതായി കെല്ലി പറയുന്നു. ഈ പ്രവണതയെ ചെറുക്കുന്നതിനായി, പൊലീസ് ഉദ്യോഗസ്ഥർക്കും ട്രാൻസിറ്റ് തൊഴിലാളികൾക്കും നിലവിൽ നൽകുന്ന അതേ നിയമ പരിരക്ഷകൾ അഗ്നിശമന സേനാംഗങ്ങൾക്കും നൽകുന്ന തരത്തിൽ ക്രിമിനൽ കോഡിൽ ഭേദഗതികൾ വരുത്തണമെന്ന് ഐഎഎഫ്എഫ് ആവശ്യപ്പെടുന്നു. ആക്രമണത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
