എഡ്മിന്റൻ : പ്രവിശ്യയിൽ ഒരു നായ ഏവിയൻ ഇൻഫ്ലുവൻസ ബാധിച്ച് ചത്തതായി ആൽബർട്ട സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (SPCA) റിപ്പോർട്ട് ചെയ്തു. കാനഡയിൽ നായകളിൽ രണ്ടാമത്തെ പക്ഷിപ്പനി കേസാണിതെന്നും സംഘടന പറയുന്നു. പക്ഷിപ്പനി പ്രധാനമായും പക്ഷികളെ ബാധിക്കാറുണ്ടെങ്കിലും മറ്റു വളർത്തുമൃഗങ്ങളിൽ പക്ഷപ്പനി ബാധ സാധാരണമല്ല. എന്നാൽ, രോഗബാധിതരായ കാട്ടുപക്ഷികളുമായുള്ള സമ്പർക്കത്തിലൂടെയോ അവയെ ഭക്ഷിക്കുന്നതിലൂടെയോ വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പക്ഷിപ്പനി ബാധിക്കും.

വളർത്തുമൃഗങ്ങളെ പക്ഷിപ്പനിയിൽ നിന്നും സംരക്ഷിക്കുന്നതിന് കാട്ടുപക്ഷികളിൽ നിന്നും ചത്ത പക്ഷികളിൽ നിന്നും വളർത്തുമൃഗങ്ങളെ അകറ്റി നിർത്തുക, അസംസ്കൃത കോഴി, പാസ്ചറൈസ് ചെയ്യാത്ത പാൽ നൽകുന്നത് ഒഴിവാക്കുക, വളർത്തുമൃഗങ്ങൾക്ക് ശ്വസന അല്ലെങ്കിൽ നാഡീസംബന്ധമായ രോഗലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ മൃഗഡോക്ടറെ ബന്ധപ്പെടുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംഘടന നിർദ്ദേശിച്ചു.
