ഓട്ടവ : കാനഡയിൽ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന്, ഫോർഡ്, ഹോണ്ട, ജനറൽ മോട്ടോഴ്സ് എന്നീ പ്രമുഖ വാഹന നിർമ്മാതാക്കളുടെ എൺപതിനായിരത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു. ഫോർഡിന്റെ എഫ്-150, മാവെറിക്, മസ്റ്റാങ് മാക്-ഇ എന്നീ മോഡലുകളിൽ പാർക്കിങ് ഗിയർ കൃത്യമായി പ്രവർത്തിക്കാത്ത സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് 50,000 യൂണിറ്റുകൾ പിൻവലിക്കുന്നത്. ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ തനിയെ നീങ്ങുന്നത് അപകടസാധ്യത വർധിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി കമ്പനി അറിയിച്ചു. തകരാറുള്ള വാഹന ഉടമകളെ ഫോർഡ് നേരിട്ട് അറിയിക്കുമെന്നും സർവീസ് സെന്ററുകൾ വഴി സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തു നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഹോണ്ടയുടെ അക്യുറ ഐഎൽഎക്സ് (2016-2020) മോഡലുകളിൽ ബ്രേക്ക് മാസ്റ്റർ സിലിണ്ടറിലെ ചോർച്ച മൂലം ബ്രേക്കിങ് ശേഷി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ജനറൽ മോട്ടോഴ്സിന്റെ ഷെവർലേ ഇക്വിനോക്സ് ഇവി മോഡലുകളിൽ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന ശബ്ദ സംവിധാനത്തിലെ സോഫ്റ്റ്വെയർ തകരാർ കാരണമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹോണ്ട തകരാറുള്ള ഭാഗങ്ങൾ മാറ്റിനൽകുമെന്നും ജനറൽ മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങളിൽ വയർലെസ് ആയി സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
