വിനിപെഗ് : ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ, ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ പുതിയ നടപടികളുമായി മാനിറ്റോബ. ഒരേ സ്റ്റോറിൽ നിന്ന് ഒരേ സാധനത്തിന് ഓൺലൈൻ വഴി വ്യത്യസ്ത വില ഈടാക്കുന്ന ‘ഡിഫറൻഷ്യൽ പ്രൈസിങ്’ രീതി അവസാനിപ്പിക്കാനാണ് പ്രീമിയർ വാബ് കിന്യൂവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ലക്ഷ്യം. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് തേർഡ് പാർട്ടി ആപ്പുകൾ വഴി നടത്തുന്ന ഈ വില വ്യതിയാനം ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതാണെന്ന് പ്രീമിയർ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ന്യായമായ വില ഉറപ്പാക്കാനായി കൂടുതൽ ശക്തമായ നിയമ നിർമാണങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനമെന്ന് വാബ് കിന്യൂ വ്യക്തമാക്കി.

ഇതിനൊപ്പം, നിലവിൽ ഒരു ലിറ്റർ പാക്കറ്റിന് മാത്രമുള്ള പാലിന്റെ വിലനിയന്ത്രണം മറ്റ് അളവുകളിലുള്ള പാക്കറ്റുകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പലചരക്ക് മേഖലയിൽ മത്സരം വർധിപ്പിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ കർശനമാക്കുമെന്നും സർക്കാർ അറിയിച്ചു. വൻകിട ശൃംഖലകൾ പുതിയ കടകൾ തുടങ്ങുന്നത് തടയാൻ ഉപയോഗിച്ചിരുന്ന നിയന്ത്രണങ്ങൾ ഇതിനകം തന്നെ നിയമം വഴി നിരോധിച്ചിട്ടുണ്ട്. കാനഡയിലെ തന്നെ ഏറ്റവും ഉയർന്ന നാണയപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയ മാനിറ്റോബയിൽ, ഇന്ധന നികുതി താൽക്കാലികമായി ഒഴിവാക്കിയതുൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു.
