എഡ്മിന്റൻ: കാനഡയിൽ നിന്നും വേർപിരിഞ്ഞ് ആൽബർട്ട ഒരു സ്വതന്ത്ര രാഷ്ട്രമാകാനുള്ള ജനഹിതപരിശോധന നടത്താനുള്ള നീക്കത്തിന് ഔദ്യോഗിക അംഗീകാരം. ഇതിനായി തയ്യാറാക്കിയ ചോദ്യം ആൽബർട്ടയിലെ ഇലക്ഷൻ ഏജൻസി അംഗീകരിച്ചു. ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ ‘ആൽബർട്ട പ്രോസ്പിരിറ്റി പ്രോജക്റ്റ്’ എന്ന സംഘടന നാല് മാസത്തിനുള്ളിൽ 1,78,000 പേരുടെ ഒപ്പുകൾ ശേഖരിക്കണം. ആവശ്യമായ പിന്തുണ ലഭിച്ചാൽ മാത്രമേ ഈ വിഷയത്തിൽ വോട്ടെടുപ്പ് നടത്താൻ സാധിക്കൂ. ഇതിന്റെ ഭാഗമായി ജനുവരി ആദ്യവാരത്തോടെ ഒരു ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാനും ഇലക്ഷൻ ഏജൻസി നിർദ്ദേശിച്ചു.

സമാനമായ നീക്കം മുൻപ് നടന്നിരുന്നെങ്കിലും നിയമതടസ്സങ്ങൾ കാരണം തടയപ്പെട്ടിരുന്നു. എന്നാൽ ഈ മാസം ആദ്യം പ്രവിശ്യാ സർക്കാർ ജനഹിതപരിശോധന നിയമങ്ങളിൽ മാറ്റം വരുത്തിയതോടെയാണ് പുതിയ വഴി തെളിഞ്ഞത്. മതിയായ ഒപ്പുകൾ ശേഖരിക്കാൻ കഴിഞ്ഞാൽ ആൽബർട്ടയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ഒരു വോട്ടെടുപ്പിലേക്കാകും ഇത് വഴിമാറുകയെന്ന് നിരീക്ഷകർ അറിയിച്ചു.
