പാരിസ് : യുക്രെയ്ൻ യുദ്ധത്തിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നൽകുന്ന പിന്തുണ തടയാൻ റഷ്യ പുതിയ ബഹിരാകാശ ആയുധം വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ‘സോൺ ഇഫക്ട്’ (Zone Effect) എന്നറിയപ്പെടുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ആയിരക്കണക്കിന് ചെറിയ പെല്ലറ്റുകൾ പായിച്ച് ഉപഗ്രഹങ്ങളെ തകർക്കാനാണ് റഷ്യൻ പദ്ധതി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ യുക്രെയ്ൻ സൈന്യത്തെ സഹായിക്കുന്നു എന്ന ആരോപണത്തെത്തുടർന്നാണ് റഷ്യയുടെ ഈ നീക്കം.

രണ്ട് നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യയുടെ ഈ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഈ പെല്ലറ്റുകൾ കണ്ടെത്താൻ പ്രയാസമാണെന്നും, ഇത്തരം നീക്കങ്ങൾ ബഹിരാകാശ മേഖലയ്ക്ക് ആകെ ഭീഷണിയാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. ബഹിരാകാശത്തെ പാശ്ചാത്യ ആധിപത്യം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തെക്കുറിച്ച് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
