വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേയിൽ ട്രാവൽ ട്രെയിലറിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഒരു വീടിന്റെ ഡ്രൈവ്‌വേയിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിനിടെയാണ് വാഹനത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകടത്തെക്കുറിച്ച് സറേ പൊലീസ് സർവീസ് തിങ്കളാഴ്ചയാണ് ഔദ്യോഗിക വിശദീകരണം നൽകിയത്. സംഭവസ്ഥലത്ത് ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും യാത്രയ്ക്കായി ഉപയോഗിക്കുന്ന ഈ വാഹനത്തിനുള്ളിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

തീ പടരുന്നത് കണ്ട് പരിസര നിവാസികളെ മുൻകരുതൽ നടപടിയായി ഒഴിപ്പിച്ചിരുന്നു. പിന്നീട് അപകടസാധ്യത ഒഴിഞ്ഞതോടെ ഇവർ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസും ഫയർഫോഴ്സും ചേർന്ന് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
