ടൊറന്റോ : ഡ്രൈവറില്ലാത്ത ടാക്സി സർവീസുകൾ ടൊറന്റോയിൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് കീഴിലുള്ള ‘വെയ്മോ’ (Waymo). ഇതിനായി കാനഡയിൽ നിയമപരമായ അനുമതി തേടിക്കൊണ്ട് സിറ്റി ലോബിയിസ്റ്റ് രജിസ്ട്രിയിൽ കമ്പനി പേര് ചേർത്തു. നിലവിൽ സാൻ ഫ്രാൻസിസ്കോ, ലൊസാഞ്ചലസ് തുടങ്ങിയ അമേരിക്കൻ നഗരങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വെയ്മോ, കാനഡയിലെ കഠിനമായ ശൈത്യകാല സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് വിദഗ്ധർ. മഞ്ഞുവീഴ്ചയുള്ള റോഡുകളിൽ വാഹനം തെന്നിമാറാനും മറ്റും സാധ്യതയുള്ളതിനാൽ, ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സാങ്കേതികവിദ്യ പരിഷ്കരിക്കേണ്ടത് വലിയ വെല്ലുവിളിയാണെന്ന് ടൊറന്റോ സർവകലാശാലയിലെ റോബോട്ടിക്സ് വിഭാഗം ഡയറക്ടർ സ്റ്റീവൻ വാസ്‌ലാൻഡർ പറഞ്ഞു.

മുമ്പ് ടൊറന്റോയിൽ പരീക്ഷിച്ച ഡ്രൈവറില്ലാ വാഹനങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും അനാവശ്യമായി ബ്രേക്ക് ഇടുകയും ചെയ്തത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു. ഇതിനെത്തുടർന്ന് ഇത്തരം വാഹനങ്ങൾക്ക് അനുമതി നൽകുന്നതിൽ മുൻസിപ്പാലിറ്റി അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സ്‌കൂൾ ബസ്സുകൾ നിർത്തിയിട്ടിരിക്കുമ്പോൾ അവയെ മറികടന്നു പോയതിനും മറ്റും വെയ്മോ മുൻപ് അമേരിക്കയിൽ തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ, മനുഷ്യരായ ഡ്രൈവർമാരെ അപേക്ഷിച്ച് അപകടങ്ങൾ കുറയ്ക്കാൻ ഇത്തരം സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സുതാര്യമായ രീതിയിൽ പരീക്ഷണങ്ങൾ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താൽ ടൊറന്റോയിലെ ജനങ്ങൾ ഡ്രൈവറില്ലാ കാറുകളെ വേഗത്തിൽ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
