എഡ്മിന്റൻ : പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയ ശേഷമുള്ള ആൽബർട്ടയുടെ ആദ്യ പ്രവിശ്യാതല പരീക്ഷയിൽ പകുതിയോളം വിദ്യാർത്ഥികൾക്ക് കണക്കിൽ പരാജയം. ഗ്രേഡ് 6 വിദ്യാർത്ഥികളുടെ ഗണിത പരീക്ഷാ ഫലത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. 2019-ൽ 72 ശതമാനം കുട്ടികൾ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിടത്ത് ഇത്തവണ അത് വെറും 53 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ട്. പുതിയ പാഠ്യപദ്ധതിയിലെ സങ്കീർണ്ണതകളും കോവിഡ് മഹാമാരിയെത്തുടർന്ന് പഠനത്തിലുണ്ടായ വിടവുകളുമാണ് ഈ തിരിച്ചടിക്ക് കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ പാഠ്യപദ്ധതി പ്രകാരം ഉയർന്ന ക്ലാസുകളിലെ ഗണിത ആശയങ്ങൾ താഴ്ന്ന ക്ലാസുകളിൽ തന്നെ പഠിപ്പിച്ചു തുടങ്ങിയത് കുട്ടികളിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നതായി അധ്യാപകർ ആരോപിക്കുന്നു. കൂടാതെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതും വിഭവങ്ങളുടെ പരിമിതിയും പഠനനിലവാരത്തെ ബാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഈ പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും കുട്ടികളെ പഠനത്തിൽ സഹായിക്കാൻ അധ്യാപകർക്ക് പ്രത്യേക പിന്തുണ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
