എഡ്മിന്‍റൻ : ഈ വർഷത്തെ പ്രവിശ്യാ നാമനിർദ്ദേശത്തിനായുള്ള അന്തിമ നറുക്കെടുപ്പും നടത്തി ആൽബർട്ട. 2025-ൽ അനുവദിച്ച മുഴുവൻ നാമനിർദ്ദേശ വിഹിതവും ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഔദ്യോഗികമായി പൂർത്തിയാക്കി. ഈ വർഷം ആദ്യം 4,875 നോമിനേഷൻ വിഹിതമാണ് ആൽബർട്ടയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഫെഡറൽ സർക്കാർ അധികമായി 1,728 നോമിനേഷൻ കൂടി അനുവദിച്ചതോടെ ആകെ ക്വാട്ട 6,603 ആയി ഉയർന്നു. എക്സ്പ്രസ് എൻട്രിയിലെ ചില പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 6,741 നോമിനേഷനുകൾ പ്രവിശ്യ നൽകിയിട്ടുണ്ട്.

നോമിനേഷൻ ക്വാട്ട പൂർത്തിയായെങ്കിലും നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ പ്രോസസ്സിങ് തുടരും. ഏകദേശം 1,479 അപേക്ഷകളാണ് നിലവിൽ പ്രവിശ്യയുടെ പരിഗണനയിലുള്ളത്. പുതിയ നറുക്കെടുപ്പുകളും നോമിനേഷനുകളും 2026 ജനുവരി മുതൽ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യം, നിർമ്മാണം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലുള്ളവർക്ക് വരും വർഷങ്ങളിലും ആൽബർട്ടയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

AAIP യുടെ 2025 ലെ അവസാന രണ്ട് നറുക്കെടുപ്പുകളിലൂടെ ആകെ 107 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. എക്സ്പ്രസ് എൻട്രി ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത് വേയിലൂടെ 68 പേർക്കും നോൺ എക്സ്പ്രസ് എൻട്രി ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത് വേയിലൂടെ 39 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു.
