വൻകൂവർ : ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം വൻകൂവർ ഐലൻഡിനും ലോവർ മെയിൻലാൻഡിനുമിടയിലുള്ള എല്ലാ ബോട്ട് സർവീസുകളും റദ്ദാക്കി. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ സുരക്ഷ കണക്കിലെടുത്താണ് ബിസി ഫെറീസ് (B.C. Ferries) സർവീസുകൾ നിർത്തിവെച്ചത്. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും തടസ്സപ്പെട്ട യാത്രക്കാർക്ക് പകരം സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

പെട്ടെന്നുണ്ടായ ഈ തടസ്സം കാരണം ആയിരക്കണക്കിന് ക്രിസ്മസ് യാത്രക്കാർ പ്രതിസന്ധിയിലായി. സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ബിസി ഫെറീസ് വെബ്സൈറ്റിൽ ആറായിരത്തിലധികം പേരാണ് ഒരേസമയം കാത്തിരുന്നത്. സാങ്കേതിക തകരാറുകൾ മൂലം പലർക്കും ബുക്കിങ് പൂർത്തിയാക്കാൻ കഴിയാത്തതും യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിച്ചു. അതേസമയം, ഹെലികോപ്റ്റർ സർവീസുകൾ അധിക യാത്രക്കാരെ ഉൾക്കൊള്ളാൻ കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
