വൻകൂവർ : ഫസ്റ്റ് നേഷൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘ഡ്രിപ്പ’ (DRIPA) നിയമത്തിൽ മാറ്റം വരുത്താനുള്ള ബ്രിട്ടിഷ് കൊളംബിയ (ബിസി) സർക്കാറിന്റെ നീക്കം വിവാദത്തിൽ. ഇതിനെതിരെ മുപ്പതോളം ഗോത്രവർഗ നേതാക്കൾ സംയുക്ത പ്രതിഷേധവുമായി രംഗത്തെത്തി. ഖനന അനുമതിയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത് ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയോടുള്ള വിശ്വാസവഞ്ചനയാണെന്ന് നേതാക്കൾ ആരോപിക്കുന്നു. ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രതികരണങ്ങൾ വർഷങ്ങളായുള്ള അനുരഞ്ജന ശ്രമങ്ങളെ തകർക്കുമെന്നും വംശീയമായ വിഭജനത്തിന് കാരണമാകുമെന്നും ഇവർ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

നിയമഭേദഗതിയുമായി മുന്നോട്ട് പോയാൽ അവകാശ സംരക്ഷണത്തിനായി വീണ്ടും കോടതിയെ സമീപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഇത് പല വികസന പദ്ധതികളും സ്തംഭിക്കാൻ ഇടയാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുമായി ചർച്ച നടത്തണമെന്ന കോടതി വിധി നടപ്പിലാക്കുന്നതിന് പകരം നിയമം മാറ്റാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പ്രീമിയർ ഡേവിഡ് എബി ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ഫസ്റ്റ് നേഷൻ നേതൃത്വവുമായി ചർച്ച നടത്തി വിശ്വാസം വീണ്ടെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
