കോട്ടയം : ആലപ്പുഴ, കോട്ടയം ജില്ലകളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകളിലും കോട്ടയത്തെ നാല് വാർഡുകളിലുമാണ് രോഗബാധ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നെടുമുടിയിൽ കോഴികൾക്കും മറ്റ് പഞ്ചായത്തുകളിൽ താറാവുകൾക്കുമാണ് രോഗം ബാധിച്ചത്. കോട്ടയത്ത് കാട, കോഴി എന്നിവയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ കരുവാറ്റ, തകഴി, പുറക്കാട് തുടങ്ങിയ പഞ്ചായത്തുകളിലും കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ തുടങ്ങിയ മേഖലകളിലുമാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ നശിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
