Tuesday, December 23, 2025

ആൺകുട്ടികൾക്കും പുരുഷൻമാർക്കും അനാരോഗ്യം; പ്രത്യേകപദ്ധതിയുമായി ഫെഡറൽ സർക്കാർ

ഓട്ടവ: 2026-ൽ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനായി ഒരു പ്രത്യേക ദേശീയ കർമ്മപദ്ധതി കാനഡയുടെ ഫെഡറൽ ആരോഗ്യ മന്ത്രി മാർജറി മിഷേൽ പ്രഖ്യാപിച്ചു. കാനഡയിലെ പുരുഷന്മാരുടെ ആരോഗ്യരംഗത്തെ ഗുരുതരമായ വെല്ലുവിളികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം.
പുരുഷന്മാരിലെ മാനസിക സമ്മർദ്ദം, ആത്മഹത്യാ നിരക്ക് എന്നിവ കുറയ്ക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണിത്‌. മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും നേരിടാൻ പ്രത്യേക സഹകരണവും പദ്ധതി വഴി ഉറപ്പാക്കും. കൃത്യസമയത്ത് വൈദ്യസഹായം തേടുന്നതിൽ പുരുഷന്മാർ കാണിക്കുന്ന മടി ഒഴിവാക്കാനും രോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാനും അവബോധം നൽകുന്നതിനും പദ്ധതി സഹായിക്കുമെന്നാണ്‌ കണക്കുക്കൂട്ടുന്നത്‌.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന സാമൂഹികവും സുരക്ഷാപരവുമായ വെല്ലുവിളികൾ നേരിടാൻ വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കും. ‘മോവംബർ’ (Movember), ബ്രിട്ടീഷ് കൊളംബിയ സർവകലാശാല എന്നിവർ നടത്തിയ പഠനറിപ്പോർട്ടിലെ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. 2023-ൽ മാത്രം കാനഡയിൽ 75,000 പുരുഷന്മാർ അകാലത്തിൽ മരണപ്പെട്ടു. ഇതിൽ ഭൂരിഭാഗവും പ്രതിരോധിക്കാവുന്ന ചെറിയ കാരണങ്ങൾ കൊണ്ടായിരുന്നു എന്നതാണ്‌ ആരോഗ്യമേഖലയെ ഞെട്ടിക്കുന്നത്‌. മിക്ക പുരുഷന്മാരും ശാരീരിക ലക്ഷണങ്ങൾ കണ്ടാലും ചികിത്സ തേടാൻ വൈകുന്നതും പ്രധാനകാരണമാണ്‌. ചികിത്സ തേടുന്ന പകുതിയിൽ താഴെ പുരുഷന്മാർക്ക് മാത്രമേ തങ്ങളുടെ പരാതികൾ ഡോക്ടർമാർ ഗൗരവമായി കേൾക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടായുള്ളൂ. സംസ്ഥാനങ്ങളുമായും മറ്റ് ഫെഡറൽ വകുപ്പുകളുമായും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!