ടെക്സസ് : രോഗികളുമായി ടെക്സസിലേക്ക് വരികയായിരുന്ന മെക്സിക്കൻ നാവികസേനയുടെ വിമാനം തകര്‍ന്നു വീണ് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17 ഓടെ ടെക്സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മെക്‌സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനം ഗാല്‍വെസ്റ്റണ്‍ സ്‌കോള്‍സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.

വിമാനത്തില്‍ എട്ടു പേര്‍ ഉണ്ടായിരുന്നതായും രണ്ടുപേരെ ജീവനോടെ കണ്ടെടുത്തതായുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നു മെക്സിക്കൻ നാവികസേന സ്ഥിരീകരിച്ചു. പരുക്കേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നു ഗാല്‍വെസ്റ്റണ്‍ കൗണ്ടി ഷെരീഫ് ജിമ്മി ഫുള്ളന്‍ അറിയിച്ചു.
