ഹാലിഫാക്സ്: ജലവിതരണ ഏജൻസിയായ ഹാലിഫാക്സ് വാട്ടർ തങ്ങളുടെ പുതുക്കിയ നിരക്ക് വർധനയ്‌ക്കുള്ള റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ ആവശ്യപ്പെട്ട വൻ നിരക്ക് വർധനയിൽ നിന്നും പിന്നോക്കം പോയ ഏജൻസി, ഉപഭോക്താക്കൾക്ക് അല്പം ആശ്വാസം നൽകുന്ന രീതിയിലാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. ആദ്യം 35 ശതമാനത്തോളം വർധനയാണ് ഹാലിഫാക്സ് വാട്ടർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റെഗുലേറ്ററി ബോർഡിന്റെ ഇടപെടലിനെത്തുടർന്ന് ഇത് കുറയ്‌ക്കുകയായിരുന്നു. പുതിയ അപേക്ഷ പ്രകാരം 2026 ജനുവരിയിൽ 12.1% വർധനയും തുടർന്ന് ഏപ്രിലിൽ 5.5% വർധനയും നടപ്പിലാക്കണമെന്നാണ് ആവശ്യം. മുമ്പ് ആവശ്യപ്പെട്ട തുകയിൽ നിന്നും കടം വീട്ടുന്നതിനായി മാറ്റിവെച്ച 2.72 കോടി ഡോളറും കൂടാതെ മറ്റ് ചെലവുകൾക്കായി നീക്കിവെച്ചിരുന്ന 1.90 കോടി ഡോളറും നിരക്ക് വർധനയിൽ നിന്നും ഒഴിവാക്കി.

ഉപഭോക്താക്കൾക്ക് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം ഒഴിവാക്കാൻ നോവസ്കോഷ റെഗുലേറ്ററി ആന്റ് അപ്പീൽസ് ബോർഡ് നിർദ്ദേശിച്ചതനുസരിച്ചാണ് ഈ മാറ്റങ്ങൾ. നിലവിലുള്ള 2.72 കോടി ഡോളർ കടം എങ്ങനെ വീട്ടണം എന്നതിനെക്കുറിച്ച് ഹാലിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയുമായി (HRM) ചേർന്ന് ദീർഘകാലാടി സ്ഥാനത്തിലുള്ള ചർച്ചകൾ നടത്തുമെന്നും ഏജൻസി അറിയിച്ചു. പുതിയ മാറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിലുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് ഹാലിഫാക്സ് വാട്ടർ സി.ഇ.ഒ കെൻഡ മക്കെൻസി പറഞ്ഞു
