ടൊറൻ്റോ : പനിയും കോവിഡും അടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നത് തടയാൻ പ്രവിശ്യയിലെ ആശുപത്രികളിലെത്തുന്ന എല്ലാ സന്ദർശകരും മാസ്ക് ധരിക്കണമെന്ന് ഒൻ്റാരിയോ ഹെൽത്ത് നിർദ്ദേശിച്ചു. ആശുപത്രിയിൽ എത്തുന്ന എല്ലാവരും എല്ലാ രോഗീ പരിചരണ മേഖലകളിലും മാസ്ക് ധരിക്കണമെന്ന് ബർലിംഗ്ടണിലെ ജോസഫ് ബ്രാൻ്റ് ആശുപത്രി പ്രഖ്യാപിച്ചു. ആശുപത്രിയുടെ പ്രവേശന കവാടത്തിലും മറ്റു കേന്ദ്രങ്ങളിലും മാസ്കുകൾ ലഭിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നത് തടയുന്നതിനും രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികളെ സംരക്ഷിക്കുന്നതിനും മാസ്ക് ഉപയോഗിക്കണമെന്നും ജോസഫ് ബ്രാൻ്റ് ആശുപത്രി അധികൃതർ പറയുന്നു.

ശ്വസന വൈറസ് കേസുകളുടെ എണ്ണം വർധിച്ചതായി ബർലിംഗ്ടൺ, ഓക്ക്‌വിൽ, മിൽട്ടൺ, ഹാൽട്ടൺ ഹിൽസ് എന്നിവയെ നിയന്ത്രിക്കുന്ന ഹാൽട്ടൺ റീജനൽ പബ്ലിക് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. ഡിസംബർ 7 മുതൽ ഡിസംബർ 13 വരെയുള്ള കാലയളവിൽ, പനി ബാധിച്ച് ഹാൽട്ടണിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 32 ആയിരുന്നു. കൂടാതെ കോവിഡ് ബാധിച്ച് രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എമർജൻസി റൂമുകളിൽ പ്രവേശിപ്പിച്ച ഇൻഫ്ലുവൻസ, കോവിഡ് രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
