അങ്കാറ: ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദ് വിമാനപകടത്തിൽ മരിച്ചു. സൈനിക മേധാവിയെക്കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ മരിച്ചു.അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച രാത്രി പറന്ന വിമാനം പിന്നീട് ഹൈമാന മേഖലയിൽ തകർന്നുവീഴുകയായിരുന്നെന്ന് ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ-ഹമീദ് ദബെയ്ബ സ്ഥിരീകരിച്ചു. ഔദ്യോഗിക യാത്ര പൂർത്തിയാക്കി അങ്കാറയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അൽ-ഹദ്ദാദ്ദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി ഫേസ് ബുക്കിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

തുർക്കിയും ലിബിയയും തമ്മിലുള്ള സൈനിക സഹകരണം വർധിപ്പിക്കാനും മറ്റ് വിഷയങ്ങൾ പരിഹരിക്കുന്നതിനുമായി നടന്ന ഉന്നതതല പ്രതിരോധ ചർച്ചകളിൽ പങ്കെടുക്കാൻ തുർക്കിയിലെത്തിയതായിരുന്നു സൈനിക മേധാവി.
ലിബിയൻ സൈനിക മേധാവിയും സംഘവും യാത്ര ചെയ്തിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയവും നഷ്ടപ്പെടുകയായിരുന്നു. രാത്രി 8.30-ന് വിമാനം ടേക്ക് ഓഫ് ചെയ്തെന്നും 40 മിനിറ്റിന് ശേഷം ബന്ധം നഷ്ടപ്പെട്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
