വിനിപെഗ്: മാനിറ്റോബയിൽ ഇന്ധനവില നിയന്ത്രിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കില്ലെന്ന് പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം നൽകുമെന്നായിരുന്നു 2023-ലെ തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം നൽകിയ പ്രധാനവാഗ്‌ദാനം. ഇന്ധനവില നിയന്ത്രിക്കുന്നത് വിപണിയിൽ വിപരീതഫലം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. കാനഡയിലെ അറ്റ്‌ലാൻ്റിക് പ്രവിശ്യയുൾപ്പെടെ അനുഭവങ്ങൾ പഠിച്ച ശേഷമാണ് സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. വില നിയന്ത്രിക്കുന്നതിനേക്കാൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നത് ഇന്ധന നികുതി കുറയ്ക്കുന്നതാണെന്ന് പ്രീമിയർ പറഞ്ഞു. നേരത്തെ ലിറ്ററിന് 14 സെന്റ് ആയിരുന്ന പ്രവിശ്യാ ഇന്ധന നികുതി നിലവിൽ 12.5 സെന്റായി സ്ഥിരമായി കുറച്ചിട്ടുണ്ട്.

നിലവിൽ കാനഡയിൽ ഇന്ധനത്തിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള രണ്ടാമത്തെ പ്രവിശ്യയാണ് മാനിറ്റോബ. ആൽബർട്ടയിലാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ളത്. സർക്കാർ നൽകിയ നികുതിയിളവാണ് ഇതിന് പ്രധാന കാരണം. വിപണിവില നിയന്ത്രിക്കാൻ ശ്രമിച്ചാൽ കമ്പനികൾ നഷ്ടം വരാതിരിക്കാൻ ഉയർന്ന നിരക്ക് നിശ്ചയിക്കേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. മാനിറ്റോബയിലെ നികുതി കുറഞ്ഞ സാഹചര്യത്തിൽ അയൽപ്രവിശ്യകളായ സസ്‌കാച്വൻ, ആൽബർട്ട എന്നിവിടങ്ങളിലെ നിരക്കിന് തുല്യമായ വിലയിൽ ഇന്ധനം ലഭിക്കുന്നുണ്ടെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.
