ടൊറന്റോ : അധ്യാപക സർട്ടിഫിക്കേഷൻ രീതിയിൽ നിർണ്ണായക മാറ്റങ്ങൾക്കൊരുങ്ങി ഒന്റാരിയോ. ടീച്ചേഴ്സ് കോളേജ് പഠനകാലയളവ് കുറയ്ക്കാനും സ്കൂളുകളിലെ പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകാനും സർക്കാർ പദ്ധതിയിടുന്നതായി വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര അറിയിച്ചു. നിലവിൽ അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പ്രവിശ്യയിൽ നൽകുന്ന 80 ദിവസത്തെ പ്രായോഗിക പരിശീലനം രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ കാലാവധിയാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ മാറ്റം. പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷം ആദ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ അധ്യാപക ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2015-ൽ അധ്യാപകർ കൂടുതലായിരുന്ന സമയത്താണ് പരിശീലന കാലാവധി രണ്ട് വർഷമായി ഉയർത്തിയത്. എന്നാൽ ഇപ്പോൾ ഒഴിവുകൾ വർധിച്ച സാഹചര്യത്തിൽ ഒരു വർഷത്തെ കോഴ്സിലേക്ക് തിരിച്ചുപോകണമെന്ന് പ്രിൻസിപ്പൽമാരുടെയും അധ്യാപക സംഘടനകളുടെയും ഭാഗത്തുനിന്ന് ആവശ്യമുയരുന്നുണ്ട്. അതേസമയം, അധ്യാപകരെ നിയമിക്കുന്നതിനേക്കാൾ നിലവിലുള്ളവരെ നിലനിർത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ക്ലാസുകളിലെ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉറപ്പാക്കണമെന്നും അധ്യാപക സംഘടനയായ ഇടിഎഫ്ഒ ആവശ്യപ്പെട്ടു.
