തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി വിദേശ വ്യവസായിയുടെ മൊഴി. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരൻ ‘ദാവൂദ് മണി’യുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. തിരുവനന്തപുരത്ത് വെച്ച് ഇവർ തമ്മിൽ പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തിയതായും ഇതിനായി പോറ്റി പണം കൈപ്പറ്റിയതായും വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വ്യവസായിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ശബരിമല സ്വർണക്കൊള്ളയുമായി ദാവൂദ് മണിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് മൊഴിയിൽ പറയുന്നില്ലെങ്കിലും, ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിഗ്രഹക്കടത്ത് സംഘങ്ങളുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. സ്വർണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ഈ പുതിയ വെളിപ്പെടുത്തലുകൾ സഹായിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
