ടൊറന്റോ : ടൊറന്റോയിൽ മൂന്ന് വർഷത്തെ കലാപരമായ റെസിഡൻസി പ്രോഗ്രാം ആരംഭിക്കാനൊരുങ്ങി ഒന്റാരിയോയിലെ പ്രശസ്തമായ ഷാ ഫെസ്റ്റിവൽ (Shaw Festival). ടൊറന്റോ ഹാർബർഫ്രണ്ട് സെന്ററുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. നയാഗ്ര-ഓൺ-ദി-ലേക്കിൽ നിലവിൽ പ്രവർത്തിക്കുന്ന ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായാണ് ടൊറന്റോ കേന്ദ്രീകരിച്ച് ഇത്തരമൊരു സ്ഥിരം സംവിധാനം ഒരുങ്ങുന്നത്. 2026 ഒക്ടോബർ മുതൽ ഓരോ വർഷവും നിരവധി നാടകങ്ങൾ ടൊറന്റോയിലെ വേദിയിൽ അവതരിപ്പിക്കാൻ ഈ പങ്കാളിത്തം വഴി സാധിക്കും.

നയാഗ്രയിലെ റോയൽ ജോർജ്ജ് തിയേറ്റർ പുനർനിർമ്മാണത്തിനായി അടച്ചിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നീക്കം. ഏകദേശം 7.5 കോടി ഡോളർ ചെലവിൽ നടക്കുന്ന തിയേറ്റർ നവീകരണത്തിന് 30 മാസത്തോളം സമയമെടുക്കും. ടൊറന്റോയിലുള്ളവർക്ക് ഷാ ഫെസ്റ്റിവലിന്റെ കലാസൃഷ്ടികൾ കൂടുതൽ അടുത്തറിയാനും തത്സമയ സംഭാഷണങ്ങളിലൂടെ കലയുമായി ജനങ്ങളെ ബന്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ഷാ ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ ടിം കരോൾ പറഞ്ഞു.
