ടെല്‍ അവീവ്: ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ ഒരിക്കലും പിന്‍വലിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. വെടിനിര്‍ത്തലിനും സമാധാനത്തിനുമായി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന. ഗാസയില്‍ സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടാകുമെന്നും സമാധാന പദ്ധതിയുടെ പേരില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കാറ്റ്‌സ് വ്യക്തമാക്കി.

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഗാസയില്‍ സൈനിക യൂണിറ്റുകള്‍ നിലയുറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കാറ്റ്‌സ് വാദിക്കുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ നീക്കം. ഡിസംബര്‍ 29-ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപുമായി ചര്‍ച്ച നടത്താന്‍ അമേരിക്കയിലേക്ക് പോകാനിരിക്കുകയാണ്.
ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായും പിന്മാറണമെന്നും അവിടെ അന്താരാഷ്ട്ര സൈനിക വിന്യാസം വേണമെന്നുമാണ് സമാധാന പദ്ധതിയില്‍ പറയുന്നത്. എന്നാല്‍ കാറ്റ്‌സിന്റെ നിലപാട് ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കാം. അതിനിടെ, ഗാസയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും അഭാവം മൂലം ആശുപത്രികള്‍ സ്തംഭനാവസ്ഥയിലാണ്. മതിയായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് പലസ്തീനികള്‍ ഇതിനകം മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിശൈത്യം തുടരുന്ന ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്ന ആവശ്യങ്ങള്‍ ഇസ്രയേല്‍ തുടര്‍ച്ചയായി തള്ളുകയാണ്.
