ടൊറന്റോ: മേയർ ഒലീവിയ ചൗവും മുൻ മേയർ ജോൺ ടോറിയും തമ്മിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമുണ്ടാകുമെന്ന് പുതിയ സർവേ റിപ്പോർട്ട്. ലെയ്‌സൺ സ്ട്രാറ്റജീസ് ഡിസംബർ 23-ന് പുറത്തുവിട്ട പോൾ പ്രകാരം, നിലവിൽ ഒലീവിയ ചൗവിനാണ് നേരിയ മുൻതൂക്കമുള്ളത്. സർവ്വേ പ്രകാരം ഒലീവിയ ചൗവിന് 39% പിന്തുണയും ജോൺ ടോറിക്ക് 35% പിന്തുണയുമുണ്ട്. ബ്രാഡ് ബ്രാഡ്‌ഫോർഡിന് 16% പിന്തുണയും ലഭിച്ചു. ജൂലൈയിൽ 8% ആയിരുന്ന പിന്തുണയാണ് ഇരട്ടിയായി വർധിച്ചത്. ഒലീവിയ ചൗവിന്റെ പ്രവർത്തനങ്ങളിൽ 53% പേർ സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 40% പേർ വിയോജിപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം 60% ആയിരുന്ന ചൗവിന്റെ അംഗീകാര നിരക്കിൽ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. അതേ സമയം ഒലീവിയ ചൗവോ ജോൺ ടോറിയോ തങ്ങളുടെ സ്ഥാനാർത്ഥിത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ടോറി മത്സരരംഗത്തിറങ്ങുകയാണെങ്കിൽ ചൗവിന് വലിയ വെല്ലുവിളിയാകുമെന്ന് ലെയ്‌സൺ സ്ട്രാറ്റജീസ് പ്രിൻസിപ്പൽ ഡേവിഡ് വാലന്റൈൻ നിരീക്ഷിച്ചു. നഗരത്തിലെ പ്രധാന ഗതാഗത പദ്ധതിയായ ഫിഞ്ച് വെസ്റ്റ് എൽആർടിയുടെ ഉദ്ഘാടനം ഒരു പരാജയമായാണ് ഭൂരിഭാഗം ടൊറന്റോ നിവാസികളും കാണുന്നത്. 62 പേരാണ് ഇതിന്റെ പ്രവർത്തനം തീർത്തും പരാജയമാണെന്ന് അറിയിച്ചത്. വേഗതക്കുറവും കൃത്യനിഷ്ഠയില്ലായ്മയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിന്റെ ഉത്തരവാദിത്തം മെട്രോലിങ്ക്സിനാണെന്ന് 54% പേർ കരുതുന്നു.
