എഡ്മിന്റണ്‍: ആല്‍ബര്‍ട്ടയുടെ തലസ്ഥാന നഗരിയിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ഹൈ ലെവല്‍ ബ്രിഡ്ജില്‍ ട്രക്കുകള്‍ ഇടിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. ഈ വര്‍ഷം മാത്രം അഞ്ച് വലിയ ട്രക്കുകളാണ് പാലത്തിന്റെ മേല്‍ക്കൂരയില്‍ അശ്രദ്ധ മൂലം ഇടിച്ചുകയറിയത്. ട്രക്കുകള്‍ കുടുങ്ങി ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പതിവായതോടെ ഡ്രൈവര്‍മാര്‍ക്കെതിരെ ‘നോട്ടി ലിസ്റ്റ്’ തയ്യാറാക്കാനും പിഴ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.
112 വര്‍ഷം പഴക്കമുള്ള ഈ സ്റ്റീല്‍ ട്രസ്സ് പാലം എഡ്മിന്റണിലെ ഒരു പ്രധാന അടയാളമാണ്. ഇതിന്റെ താഴത്തെ തട്ടിലൂടെയുള്ള പാതയ്ക്ക് 10.6 മീറ്റര്‍ മാത്രമാണ് ഉയരമുള്ളത്. ഇത് വലിയ ട്രക്കുകള്‍ക്ക് കടന്നുപോകാന്‍ പര്യാപ്തമല്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 21 തവണ ട്രക്കുകള്‍ ഈ പാലത്തില്‍ ഇടിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാന്‍ അവസാന നിമിഷം വണ്ടി നിര്‍ത്തിയതിനെ തുടര്‍ന്ന് 63 തവണ വലിയ ഗതാഗതക്കുരുക്കുകള്‍ ഉണ്ടായതായും പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ പ്രഖ്യാപിച്ച പുതിയ നയമനുസരിച്ച്, അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ‘ഡ്രൈവര്‍ അബ്‌സ്ട്രാക്റ്റില്‍’ ഉള്‍പ്പെടുത്തും. ഇത് ഡ്രൈവര്‍മാര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് പ്രയാസകരമാക്കും.
നിലവില്‍ ഇത്തരം അപകടങ്ങള്‍ക്ക് 10,000 ഡോളര്‍ വരെയാണ് പിഴ. അടുത്ത വര്‍ഷം നടത്തുന്ന നിയമപരിഷ്‌കരണത്തിലൂടെ ഈ തുക ഇനിയും വര്‍ധിപ്പിച്ചേക്കും. കൂടാതെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനോ കണ്ടുകെട്ടാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന രജിസ്ട്രാര്‍ക്ക് നല്‍കുന്ന കാര്യവും പരിഗണനയിലാണ്.
പാലത്തിന്റെ ചരിത്രപരമായ മൂല്യം നിലനിര്‍ത്തേണ്ടതിനാല്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നത് എളുപ്പമല്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാനും കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, അശ്രദ്ധമായ ഡ്രൈവിംഗാണ് പ്രധാന വില്ലനായി തുടരുന്നത്.
