ഓട്ടവ: ക്ലീൻ എനർജി മേഖലയിൽ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്ന കനേഡിയൻ ബിസിനസ് സംരംഭകർക്ക് വൈദഗ്ധ്യം ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ അവസരം. കനേഡിയൻ ഇന്റർനാഷണൽ ഇന്നൊവേഷൻ പ്രോഗ്രാം (CIIP) വഴി 2026 മാർച്ചിൽ ഇന്ത്യയിലേക്ക് പോകുന്ന പ്രത്യേക ബിസിനസ് പ്രതിനിധി സംഘത്തിൽ ചേരാൻ അർഹരായ കമ്പനികളെ ക്ഷണിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതിലൂടെ ഇന്ത്യയിലെ ഊർജ്ജ മേഖലയിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാൻ സംരംഭകർക്ക് സാധിക്കും. പുനരുപയോഗ ഊർജ്ജം, വൈദ്യുതി, വ്യവസായ മേഖലകൾ എന്നിവയിൽ വലിയ സ്വാധീനം ഉറപ്പാക്കാനും, ഉപഭോക്താക്കൾ, എൻഡ്-യൂസറുകൾ എന്നിവരുമായി ദീർഘകാല ബന്ധങ്ങൾ സ്ഥാപിക്കാനും ഈ യാത്ര വഴിയൊരുക്കുന്നു. ആഗോള ഊർജ്ജ വിപണിയിൽ കനേഡിയൻ സാങ്കേതികവിദ്യയുടെ മുദ്ര പതിപ്പിക്കാനാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം

2026 മാർച്ച് 9 മുതൽ 13 വരെ മുംബൈയിലും കൊൽക്കത്തയിലുമായി നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ 2026 ജനുവരി 11 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (SMEs) യാത്രാച്ചെലവിന്റെ പകുതിയോളം സാമ്പത്തിക സഹായമായി ലഭിക്കും. ക്ലീൻ എനർജി രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ തയ്യാറെടുക്കുന്ന കനേഡിയൻ കമ്പനികൾക്ക് ഇന്ത്യയിലേക്കുള്ള ഈ വാതിൽ ഒരു വലിയ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കുമെന്ന് കനേഡിയൻ ഇന്റർനാഷണൽ ഇന്നൊവേഷൻ പ്രോഗ്രാം വ്യക്തമാക്കി.
