ന്യൂഡൽഹി∙ ചൈനയിലെത്തിയ ഇന്ത്യൻ വ്ലോഗറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തു. ട്രാവൽ വ്ലോഗറായ അനന്ത് മിത്തലാണ് ദുരനുഭവം. ചൈനയിൽ വിമാനം ഇറങ്ങിയപ്പോൾ 15 മണിക്കൂറോളം ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നതായാണ് അനന്ത് വെളിപ്പെടുത്തിയത്. ‘ഓൺ റോഡ് ഇന്ത്യൻ’ എന്ന പേരിലാണ് അനന്ത് മിത്തൽ അറിയപ്പെടുന്നത്. അതേ സമയം അരുണാചൽ പ്രദേശിനെ കുറിച്ച് നേരത്തെ ചെയ്ത വിഡിയോകളാണ് ചോദ്യം ചെയ്യലിനു കാരണമായതെന്നുമാണ് അനന്ത് മിത്തൽ പറയുന്നത്. ഇന്ത്യയിൽ മടങ്ങി എത്തിയ ശേഷമാണ് വിഡിയോയിലൂടെ അനന്ത് ചൈനയിൽ താൻ നേരിട്ട ദുരവസ്ഥ വെളിപ്പെടുത്തിയത്.

സുഹൃത്തിനെ കാണാൻ വേണ്ടിയാണ് അനന്ത് മിത്തൽ ചൈനയിലുള്ള ഗ്വാങ്ഷോ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. ബാഗ് അടക്കമുള്ള വസ്തുക്കൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വിമാനത്താവളത്തിൽനിന്നും വിജനമായ ഒരിടത്തേയ്ക്ക് കൊണ്ടുപോയി 15 മണിക്കൂറോളം ഇരുത്തി. ഭക്ഷണം വേണമെന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ കുടിക്കാൻ വെള്ളം മാത്രമാണ് നൽകിയതെന്നും അനന്ത് വ്യക്തമാക്കി.
